അംഗപരിമിതര്‍ക്കുള്ള റെയില്‍വേ (IRCT) യാത്രാകാർഡിന് ഇനി ഓണ്‍ലൈനായി അപേക്ഷിക്കണം. പാലക്കാട് : അംഗപരിമിതര്‍ക്ക് യാത്രാകണ്‍സഷനുള്ള തിരിച്ചറിയല്‍ കാര്‍ഡ് റെയില്‍വേ ഓണ്‍ലൈനില്‍ നല്‍കും. ഓണ്‍ലൈനായിത്തന്നെ ഇതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാനും സൗകര്യമൊരുക്കി. ഇത്രയുംനാള്‍ ഈ കാര്‍ഡിന് സ്റ്റേഷനുകളില്‍ പോകണമായിരുന്നു. റിസര്‍വേഷനുള്ള ക്യൂവിലാണ്, കാര്‍ഡ് പുതുക്കാനും നേടാനും അംഗപരിമിതവര്‍ ഇതേവരെ കാത്തുനിന്നിരുന്നത്.
ഓണ്‍ലൈനായി കാര്‍ഡുകള്‍ പുതുക്കാനും കഴിയും. അംഗപരിമിതര്‍, രേഖകളുടെ സ്‌കാന്‍ചെയ്ത പകര്‍പ്പുകള്‍ (ഒരു പാസ്പ്പോർട്ട് സൈസ് ഫോട്ടോ, ഡോക്ടർ അറ്റസ്റ്റ് ചെയ്ത് തന്ന കൺസഷൻ ഫോം, ആധാർ കാർഡ്, UDID സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം ) അപ്ലോഡ് ചെയ്ത് അംഗീകാരം ലഭിച്ചാല്‍, ഡിജിറ്റല്‍ ഐ.ഡി. കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതുപയോഗിച്ച് ടിക്കറ്റുകള്‍, കൗണ്ടറുകളിലോ ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലോ ആപ്പുവഴിയോ ബുക്കുചെയ്യാം.
ടിക്കറ്റിന് കണ്‍സഷന്‍ കിട്ടുന്നത് ഇവര്‍ക്കാണ്-
* പൂര്‍ണമായി കാഴ്ചപരിമിതിയുള്ളവര്‍.
* സഹായി ആവശ്യമായ മാനസികവെല്ലുവിളി നേരിടുന്നവര്‍
* പൂര്‍ണമായി കേള്‍വി-സംസാരപരിമിതിയുള്ളവര്‍.
* സഹായി ആവശ്യമുള്ള അസ്ഥിരോഗം/പക്ഷാഘാതം വന്നവര്‍.
കണ്‍സഷനുവേണ്ടി ആദ്യമായി അപേക്ഷിക്കുകയാണെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റ് https://divyangjanid.indianrail.gov.in. സന്ദര്‍ശിച്ച് പുതിയ ഉപയോക്താവായി രജിസ്റ്റര്‍ചെയ്യണം. (New user registration )